നെയ്യാറ്റിന്കര: നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് യാത്രയയപ്പ് നല്കാന് പത്മനാഭപുരവും സമീപഗ്രാമങ്ങളും ഒരുങ്ങി.
സംസ്ഥാന അതിര്ത്തിയായ കളിയിക്കാവിളയില് നാളെ വിഗ്രഹങ്ങള്ക്ക് സ്വീകരണം നല്കും. അനന്തപുരിയിലെ നവരാത്രി ആഘോഷത്തിനായി സരസ്വതി ദേവിയും പരിവാരങ്ങളും പത്മനാഭപുരം കൊട്ടാരത്തില്നിന്നും ഇന്നു രാവിലെ യാത്രപുറപ്പെടും. പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്നിന്നു സരസ്വതിദേവിയും ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്കയും വേളിമല കുമാരകോവിലില്നിന്ന് കുമാരസ്വാമിയുമാണ് തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളുന്നത്.
മുന്നൂറ്റിനങ്കയും കുമാരസ്വാമിയും ഇന്നലെ തന്നെ ആചാരപൂര്വം പത്മനാഭപുരത്തെത്തിച്ചേര്ന്നു. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില് സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂര് മഹാരാജാവിന്റെ ഉടവാള് കൈമാറ്റം ഇന്നു രാവിലെ നടക്കും. തുടര്ന്നാണു നവരാത്രി വിഗ്രഹങ്ങള് തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളുന്നത്. മഹാരാജാവിന്റെ ഉടവാള്, വെള്ളിക്കുതിര എന്നിവകൂടി ഉള്പ്പെടുന്നതാണ് നവരാത്രി വിഗ്രഹഘോഷയാത്ര. ഇന്നു രാത്രി കുഴിത്തുറ ശ്രീമഹാദേവ ക്ഷേത്രത്തിലും നാളെ രാത്രി നെയ്യാറ്റിന്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വിഗ്രഹങ്ങള്ക്ക് ഇറക്കിപൂജ ഒരുക്കിയിട്ടുണ്ട്. 11ന് രാവിലെ നെയ്യാറ്റിന്കരയില്നിന്നു പുറപ്പെടുന്ന വിഗ്രഹങ്ങള് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തും. നവരാത്രി പൂജകള്ക്കുശേഷം 22ന് വിഗ്രഹങ്ങള് തിരിച്ചെഴുന്നള്ളും.